1

 പിജി കഴിഞ്ഞയുടനെ ആയിരുന്നു വിവാഹം. അത് വരെ ഭക്ഷണത്തിനോ വസ്ത്രത്തിനോ  ഒന്നും "എങ്ങനെ" എന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. എല്ലാം കണ്ടറിഞ്ഞു ചെയ്ത് തരാൻ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

പെട്ടെന്നാണ് "I can't imagine a better man for my daughter!" എന്ന് എന്റെ അച്ഛന് തോന്നിയ ഒരാളോടൊപ്പം എന്നെ പറഞ്ഞയക്കുന്നത്. ഒരാഴ്ചയോ മറ്റോ ഫോണിൽ എപ്പോഴെങ്കിലും സംസാരിച്ചുള്ള പരിചയം.

എന്നും കോളേജിൽ പോകുമ്പോ രാവിലെ വണ്ടിക്കൂലി തന്ന് എന്നെ പറഞ്ഞയക്കുന്ന അമ്മ അന്ന് എനിക്കൊന്നും കൈയിൽ തന്നില്ല. അച്ഛൻ ജിത്തുവിന്റെ പോക്കറ്റിൽ 'നിങ്ങൾക് ' എന്ന് പറഞ്ഞ് എന്തോ വെച്ച് കൊടുത്തിരുന്നു. അമ്മയും അത് മതിയെന്ന് വിചാരിച്ചിട്ടുണ്ടാവും.ഞാനും 
നാളെയെങ്ങനെ എന്ന് ഓർത്തിട്ടില്ല. അങ്ങനെ ഓർത്തു ശീലിച്ചിട്ടില്ല.

പിറ്റേന്ന് മുതൽ കാര്യങ്ങളൊക്കെ പുതിയതായിരുന്നു. പെട്ടെന്ന് ആരുമില്ലാതായത് പോലെയാണ് തോന്നിയത്. എല്ലാം പെട്ടെന്ന് മാറി.

ഗർഭിണിയായി. കുഞ്ഞായി. വീട്ടിൽ നിന്ന് തയ്‌പ്പിച്ചു തന്ന് വിട്ട ഒറ്റ ഡ്രസ്സ്‌ പോലും ഇടാൻ പറ്റാതെയായി. അത് വരെ ദിവസവും മാറി മാറി പല പല ഉടുപ്പുകൾ ക്ലാസ്സിലേക്ക് ഇട്ട് പോയ ഞാൻ പാകമായ മൂന്ന് ഡ്രെസ്സുകൾ കഴുകി കഴുകി ക്ലാസ്സിലേക്ക് ഇട്ട് പോകാൻ തുടങ്ങി. പലപ്പോഴും കൃത്യം  വണ്ടിക്കൂലി മാത്രം കൈയിലുണ്ടാകുന്ന അവസ്ഥ. ഒന്നും അങ്ങോട്ടോ ഇങ്ങോട്ടോ മാറി ചിലവാക്കാൻ കഴിയുന്നില്ല. സ്വന്തമായി ഒരു പൈസ പോലും കയ്യിലില്ല. എല്ലാം ചർച്ചക്ക് വെച്ച് നടത്തണം.അഭിമാനം അല്പം കൂടുതൽ ആയത് കൊണ്ട് ആരോടും ഒന്നും ചോദിക്കാനും നിന്നില്ല.
സ്വന്തമായി എന്റെ കൈയിലൊന്നുമില്ലല്ലോ എന്നോർത്തു തുടങ്ങുന്നത് അപ്പോഴാണ്.

ഇന്നെനിക്ക് എന്റെ കാര്യങ്ങളൊക്കെ നടത്താൻ കഴിയുന്നുണ്ട്. എന്റെ ഇഷ്ടത്തിന് പഠിക്കാൻ കഴിയുന്നുണ്ട്. മക്കൾക്ക് വേണ്ടത് വാങ്ങി നൽകാൻ കഴിയുന്നുണ്ട്. അത് ഞാൻ പൊരുതി നേടിയതാണ്. അല്ലെന്ന് ആരൊക്കെ negate ചെയ്താലും ഞാൻ എത്ര പൊരുതിയാണ് ഇത് നേടിയതെന്ന് എനിക്കറിയാം. എത്ര പ്രതിസന്ധിഘട്ടം വരുമ്പോഴും ആ രണ്ട് വർഷങ്ങൾ ഞാനോർക്കും. അത് പോലെയല്ലല്ലോ എന്നാശ്വസിക്കും.

മധ്യവർഗ്ഗസാഹചര്യങ്ങളിൽ വളരുന്ന ഒരു വിധം എല്ലാ പെൺകുട്ടികളുടെയും അവസ്ഥ ഇത് തന്നെയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എത്ര പെൺകുട്ടികളാണ് എന്നോട് "ഫീസ് ഭർത്താവ് വൈകുന്നേരം ഓഫീസിൽ നിന്ന് വന്നിട്ട് അടക്കുമെ"ന്ന് പറഞ്ഞിട്ടുള്ളത്. "കോഴ്സിൽ ചേരണമെന്നുണ്ട്. ഭർത്താവ് സമ്മതിക്കില്ല " എന്ന് പറഞ്ഞിട്ടുള്ളത്. എത്രയോ ഭർത്താക്കന്മാർ നേരിട്ട് വിളിച്ചു എത്രയാണ് ഫീസെന്നും ക്ലാസ്സിന്റെ മറ്റ് details ഉമൊക്കെ ചോദിച്ചിട്ടുള്ളത്.
അത് വരെ എല്ലാം അച്ഛനും അമ്മയും നോക്കിനടത്തും. നാളെ അവർ എങ്ങനെ ജീവിക്കുമെന്ന് പോലും ആലോചിക്കാതെ ആരുടെയെങ്കിലും കൂടെ കല്യാണം കഴിപ്പിച്ചയക്കും. പിന്നീട് ഈ പെൺകുട്ടികൾ അവിടെക്കിടന്ന് നട്ടം തിരിയും. അഭിമാനം ഓർത്തു വീട്ടിലും ചോദിക്കില്ല, സ്വന്തമായി ജോലി ചെയ്യാനുള്ള പ്രാപ്തിയും ആയിട്ടുണ്ടാവില്ല.

പെൺകുട്ടികളോടാണ് : നമുക്ക് ഏറ്റവും അവശ്യം വേണ്ടത് financial freedom ആണ്. ബാക്കിയൊക്കെ പിന്നാലെ വന്നു കൊള്ളും. നിങ്ങൾക് ഒരു മുടിപ്പിന്ന് വാങ്ങണമെങ്കിൽ പോലും ആരോടെങ്കിലും പറയേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്. തോന്നുമ്പോൾ കടയിൽ കയറി ഇഷ്ടമുള്ള ഷേക്ക്‌ കുടിക്കാൻ, ഇടയ്ക്കൊക്കെ ഇഷ്ടമുള്ള കുപ്പായം myntra യിൽ ഓർഡർ ചെയ്യാൻ, കുട്ടിയുടെ ഫീസിന്റെ പാതി ഞാൻ അടച്ചു കൊള്ളാമെന്ന് ഭർത്താവിനോട് പറയാൻ, ഏറ്റവും അടുത്ത സുഹൃത്തിനൊരു ആവശ്യം വരുമ്പോൾ ആരോടും ചോദിക്കാതെ കടം കൊടുക്കാൻ... ഒക്കെ നമുക്ക് സ്വന്തമായി വരുമാനം വേണം. അത് ഉണ്ടാക്കാനുള്ളത് നിങ്ങളുടെ ചുറ്റിൽ തന്നെ ഉണ്ട്. കണ്ടെത്തണമെന്ന് മാത്രം.

NB: സ്വന്തമായി വരുമാനമുണ്ടെങ്കിലും ഇതൊന്നും ചെയ്യാൻ കഴിയാത്തവരെയും അറിയാം. ശമ്പളം വാങ്ങി അങ്ങനെ തന്നെ ഭർത്താവിനെ എല്പ്പിക്കേണ്ടി വരുന്നവരെയും അറിയാം. അതിവിടെ പറഞ്ഞാൽ തീരില്ല.

Comments